12:36am 23 October 2026
NEWS
ജാതിയുടെയും ഭക്ഷണത്തിന്റെയും പേരിൽ അധിക്ഷേപം; പതിനാറുകാരൻ ജീവനൊടുക്കി; അധ്യാപകനെ അറസ്റ്റ് ചെയ്തു
22/10/2026  07:55 PM IST
nila
ജാതിയുടെയും ഭക്ഷണത്തിന്റെയും പേരിൽ അധിക്ഷേപം; പതിനാറുകാരൻ ജീവനൊടുക്കി; അധ്യാപകനെ അറസ്റ്റ് ചെയ്തു

കോയമ്പത്തൂർ: ജാതീയ അധിക്ഷേപവും ബീഫ് കഴിക്കുന്നതിന്റെ പേരിലുള്ള പരിഹാസവും സഹപാഠികളുടെ മർദനവും നേരിട്ടിരുന്ന പതിനൊന്നാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയെന്ന് പരാതി. കോയമ്പത്തൂരിലെ സർക്കാർ എയ്ഡഡ് സ്കൂളിൽ പഠിച്ചിരുന്ന എ. അഖിലൻ (16) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകൻ വിജയകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ അരുൺകുമാറിനും രണ്ട് വിദ്യാർഥികൾക്കുമെതിരെയും ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

ബുധനാഴ്ച രാവിലെ പതിവുപോലെ സ്കൂളിലേക്ക് പോകുന്നുവെന്ന് അമ്മ കൗസല്യാദേവിയോട് പറഞ്ഞാണ് അഖിലൻ വീട്ടിൽനിന്ന് ഇറങ്ങിയത്. വീട്ടുജോലിക്ക് പോയിരുന്ന അമ്മ ഉച്ചയോടെ മടങ്ങിയെത്തിയപ്പോഴാണ് ഭാരതി കോളനിയിലെ വീട്ടിൽ മകനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ടു മാസം മുമ്പ് സ്കൂളിൽ സ്റ്റൈപ്പൻഡ് ലഭിക്കുന്നതിനുള്ള പട്ടിക തയ്യാറാക്കുന്നതിനിടെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളെക്കുറിച്ച് അധ്യാപകൻ അന്വേഷിച്ചിരുന്നു. തുടർന്ന് ക്ലാസിൽ ബീഫ് കഴിക്കുന്നവർ ആരൊക്കെയാണെന്ന് ചോദിച്ചതോടെ അഖിലൻ ഉൾപ്പെടെ അഞ്ച് വിദ്യാർഥികൾ എഴുന്നേറ്റുനിന്നു. ഇതിന് പിന്നാലെ രണ്ട് സഹപാഠികൾ തന്നെ ജാതിയുടെ പേരിൽ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തിരുന്നതായി അഖിലൻ അമ്മയോട് വെളിപ്പെടുത്തിയെന്നാണ് പരാതി.

പീഡനവിവരം അധ്യാപകനെയും പ്രിൻസിപ്പലിനെയും അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് അമ്മയുടെ ആരോപണം. മകനെ ഉപദ്രവിക്കുന്നതിനെക്കുറിച്ച് നേരിട്ട് അന്വേഷിക്കാൻ സ്കൂളിലെത്താൻ ശ്രമിച്ചെങ്കിലും കൂടുതൽ ഒറ്റപ്പെടുമെന്ന ആശങ്കയെത്തുടർന്ന് അഖിലൻ തന്നെ വിലക്കിയെന്നും കൗസല്യാദേവി പോലീസിനോട് പറഞ്ഞു.

അഖിലന്റെ പിതാവ് അശോക് കുമാർ കേരളത്തിലെ ഒരു റിസോർട്ടിലാണ് ജോലി ചെയ്യുന്നത്. ഭാരതീയ ന്യായ സംഹിതയിലെയും പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അധ്യാപകനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മറ്റു പ്രതികൾക്കെതിരായ ആരോപണങ്ങളിലും പീലമേട് പോലീസ് അന്വേഷണം തുടരുകയാണ്.

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img